Friday, June 23, 2017

രണ്ടു ജന്മങ്ങൾ നീണ്ടു നിൽക്കുന്ന ഒരു സ്വപ്നം

എനിക്കറിയാം.
പെണ്ണേ, 
അവിടെ നീയുറങ്ങുകയാണ്.
എങ്കിലും
ഞാനുറങ്ങുമ്പോഴേക്കും,
നീയുണരുമെന്നുമെനിക്കറിയാം
ശ്രദ്ധിച്ചു വായിക്കണം.
ഇത് വായിച്ചു കഴിയുമ്പോ
നീ ചിരിക്കണം കേട്ടോ.
നിനക്കറിയുമോ,
ഒരിക്കൽ മാത്രം സ്വപ്നത്തിൽ
വന്നു പോയൊരാളെ,
വീണ്ടുമൊന്നു കാണാൻ മാത്രം
 ജീവിതകാലം മുഴുവനുറങ്ങുന്ന
പ്രണയങ്ങളുണ്ട്.
നിന്നെ കാണാൻ ഒരു
ജീവിതകാലം ഉറങ്ങിയാൽ
മതിയാവില്ല
എന്റെ പ്രണയത്തിന് അല്ലെ?
രണ്ടു ജന്മമെന്ന്
ഞാൻ എന്നെത്തന്നെ
പഠിപ്പിച്ചു കഴിഞ്ഞു.
പ്രണയം എന്നൊന്നില്ല എന്ന്,
ഘോരഘോരം പ്രസംഗിച്ച
ഒരാളാണ് ഇതെഴുതുന്നത്
എന്ന് പറഞ്ഞു ഇവർ
ചിരിക്കുന്നത് നീ കേൾക്കുന്നില്ലേ?
ചൂടേറിയ ഈ പ്രണയത്തെ,
ചാഞ്ഞും ചരിഞ്ഞും
തോരാത്തൊരു മഴയായ്
അഴിച്ചെടുക്കുന്നല്ലോ നീ.
ദരിദ്രമായ ആത്മാവിന്
അവൽ നനച്ച്
മടുത്തുപോയിരുന്നു പെണ്ണെ.
അലിവാലൊന്ന്
തൊടാനാരെങ്കിലുമൊരാൾ
മതിയായിരുന്നെന്നിപ്പോൾ
തിരിച്ചറിഞ്ഞു.
നിനക്കറിയോ
നമ്മളിൽ ഞാനാണ്
 അവസാനമുറങ്ങുന്നത്.
നീ ഉറങ്ങിക്കഴിയുമ്പോൾ
രാത്രിയിവിടെ
ഒരു പൂച്ചയെപ്പോലെ
എന്നും പതുങ്ങി,
പതുക്കെ വരും.
ഒരേ ദിവസത്തിന്റെ
രണ്ടുരാത്രികൾ
നേരത്തോടുനേരം
പരസ്പ്പരം തൊട്ടു നോക്കുന്നു.
പലനേരങ്ങളിലും
മൗനം പൊള്ളും,
ഇടനേരങ്ങളിൽ
പൂക്കാറുണ്ടെങ്കിലും.
ഈ രാത്രിയിൽ
ഇങ്ങനെയിങ്ങനെ,
ഒരു വിരൽതുമ്പിനപ്പുറം,
കടലോളം
കാഴ്ച്ചകളൊരുക്കുന്നതിനാലാണ്,
എനിക്കു നീ,
കാറ്റുപോലൊരു കൂട്ടാവുന്നത്,
കിനാവിന്റെ ചിറകാവുന്നത്.
എന്റെ നിലാവാവുന്നത്.
ഈ സ്വപ്നം
രണ്ടു ജന്മങ്ങൾ കൂടി
കൊണ്ടുനടക്കാൻ
എനിക്കിപ്പോ
മനസ്സില്ല.
ഇന്ന് മുതൽ
ഞാനും നീയും
ഒരുമിച്ചു സ്വപ്നം കാണും.
അതിനി എത്ര
ജന്മങ്ങൾ നീണ്ടാലും.

ചോരമണം

പ്രണയമെന്നത്
ഒരു വിശ്വാസ സമർപ്പണമാണ്.
തന്റെ മനസ്സിനെ നഗ്നമാക്കി മറ്റൊരാൾക്ക് സ്വന്തമായി കൊടുക്കലാണ്.
അതിൽ പണ്ട് പണ്ട് ആരെങ്കിലുമൊക്കെ
ചവിട്ടിമെതിച്ചു പോയ 
 ചെളിപ്പാടുകൾ കാണും
പ്രിയപ്പെട്ടവർ സമ്മാനിച്ച
ചോരമണം മാറാത്ത മുറിവുകൾ കാണും
ചതിയിൽ വഴുക്കി
തലയടിച്ചു വീണതിന്റെ ആഘാതങ്ങൾ കാണും
അപൂർവ്വം ചിലർ സമ്മാനിച്ച
സൗഹൃദത്തിന്റെ മഞ്ഞമുക്കുറ്റികളും
കണ്ടേക്കാം ചിലപ്പോൾ
അതൊക്കെ അതേപടി തന്നെ
വച്ചു കൊണ്ട് ഇതായിരുന്നു ഞാൻ
എന്ന് പറയാതെ പറയലാണ്.
നിനക്കു വേണമെങ്കിൽ
" ഈ നശിച്ച ചെളിയും അഴുക്കും" എന്ന് നാഴികയ്ക്ക് നാല്പതു വട്ടം പ്രാകിക്കൊണ്ട്
ശിഷ്ടകാലം മുഴുവൻ അത് കഴുകി വെളുപ്പിച്ചു കൊണ്ടേയിരിക്കാം
ഒരിക്കലും വെളുക്കില്ലെങ്കിലും
അത് കീറിപ്പറിഞ്ഞു പോകുമെങ്കിലും.
അല്ലെങ്കിൽ
ആ ചെളിയിൽ നിറയെ
പൂമരങ്ങളുടെ തൈകൾ നടാം
കാലം പോകെപ്പോകെ
അതെന്തായി മാറുമെന്ന്
നീ തന്നെ കണ്ടറിയുക.
എവിടെ നിന്നൊക്കെയാണ് അവിടേക്ക്
നന്മയുടെ പുതിയ അതിഥികൾ വന്നെത്തുക
എന്നത് നമ്മെ അതിശയിപ്പിക്കും.
ചെളിയായിരുന്നിടം തപോവനം പോലെ നിർമ്മലമായിരിക്കുന്നതും
നമുക്കായി പൂമെത്തകളൊരുങ്ങിയിരിക്കുന്നതും കാണൂ
ഇണ ചേരലുകളിൽ നിന്ന് പങ്കുവയ്ക്കലുകളിലേയ്ക്ക് നമ്മൾ വളർന്നു എന്നതിന്റെ അടയാളം !
(അവിടെ ശരീരങ്ങൾക്ക്
കൊഴിഞ്ഞു വീണ ഇലകളുടെ പ്രസക്തി പോലുമില്ലാതാകുന്നു)
പാപപുണ്യങ്ങൾക്കു തമ്മിൽ ഭേദമില്ലെന്നും
എല്ലാ ദുഃഖങ്ങളും
നമ്മെ സന്തോഷിപ്പിക്കുന്നതാണെന്നും
നാം തിരിച്ചറിയുമപ്പോൾ.
തമ്മിൽ പ്രണയത്തിലാണെന്നു പോലും നാം മറന്നു പോകും.

കിട്ടിയോ?

നിരാസങ്ങളില്ലാതെ ചാഞ്ഞൊന്നെ-
ന്നെ നോക്കുന്നവരിലേക്കും, അങ്ങനെയല്ലാത്ത-
വരിലേക്കും, പരന്നൊഴുകുന്ന നിലാവ-
ല്ലാതെ, മറവിൽത്തിരിവിൽപ്പോലും
തെല്ലിട, ഇരുളുമൂടിക്കെട്ടാതിരിക്കട്ടെ.
മിന്നാമിന്നികൾ നിൻറെ വഴിക്കണ്ണായി
സ് പന്ദിക്കുന്നത് എൻറെ മിടിപ്പുകളിലേക്കാണ്.
ആത്മാവിനു കയ്പുകൂടിയ ജന്മശേഷമാ-
വുമെന്നുറച്ചാണ്, ആർത്തലച്ചൊഴുകുമെ-
ന്നു തോന്നിപ്പിച്ച ചേലുള്ള തേൻചു-
ണ്ട് സസ്നേഹം നിന്നിൽനിന്നും ക-
ട്ടോ ണ്ട് പോകാണ്ടിരുന്നത്, ട്ടോ.
പെട്ടെന്ന് എൻറെ മുഖത്തു നിന്നും "ക-
ണ്ണേ മടങ്ങുക" എന്നെന്തിനാണ് പറഞ്ഞുകളഞ്ഞത്?
.
നിലച്ചു പോയ എൻറെ ഘടികാരത്തി-
നകത്തു, ഒറ്റപ്പെട്ട നിമിഷ സൂചി-
ക്കു മേൽ ചേർത്തുവച്ച, നിൻറെ
സുശാന്തനിശബ്ദമായ ഹൃദയമിടിപ്പിനാൽ ന-
ഖശിഖാന്തം പിടക്കുന്ന എൻറെ പക്ഷികൾ ക-
ല്ലേറു കൊണ്ടുകൊണ്ടേയിരിക്കട്ടെ.
"കിട്ടിയോ?" - കുട്ടിയപ്പൻ.jpg

Monday, November 14, 2016

ഒരു പക്ഷെ

നേർത്ത മഞ്ഞായിരുന്നപ്പോഴാണ്
എന്റെ മനസിലേക്ക്കോരിയിട്ടത്.
നനുത്ത മഴയായിട്ടാണ് നീ
ജീവിതത്തിൽ നിന്നൊഴുകിപ്പൊയത്.

നേരമാവുമ്പോള്‍
നിന്നോടുപറയാന്‍ മാറ്റിവെച്ച
ആ രഹസ്യമാണ് -
ചുണ്ടുകള്‍ മുദ്രവെച്ച്,
കണ്ണിലെ വെട്ടമടച്ച്,
വെളുത്ത തുണിയില്‍പൊതിഞ്ഞ്
നീ,
എന്നേക്കുമായി അടച്ചുകളഞ്ഞത്

പോകാനും വയ്യ.

ഒരു പക്ഷെ, 
തിരിഞ്ഞു നോക്കണമെന്നു 
നിനക്കു തോന്നിയാലോ.

നീ കേൾക്കണ്ടോ കുട്ട്യേ?

പെണ്ണേ, ജൂണ്‍ ആയിട്ടോ,
ഇവിടെ വസന്തമാണ്.
പണ്ടാരടങ്ങാൻ,
പൂക്കളിലെല്ലാം നിന്‍റെ മുഖം.

നിന്നെ ഇന്ന് ഒരുപാടോർത്തൂട്ടോ.
ഒന്നും മിണ്ടാണ്ട്‌ നീ ഒറ്റപ്പോക്കല്ലരുന്നോ!
പറയാൻ കൊറേണ്ടായ്ർന്നു
ഒന്നും പറഞ്ഞില്ല
പോവാൻ നേരം ഒന്ന് കെട്ടി പിടിച്ചു പൊലൂല്ല്യ.
അയ്നു നീന്നെ ഇനി കാണാതിരിക്കാൻ പൊണൊന്നൂല്ല്യാല്ലൊ.
മ്മള് ഇനീം കൊറേ കൊറേ കറങ്ങും.
ഒരു കുറുക്കന്റെ കല്യാണത്തിന്റെ അന്ന്,
കുറുക്കൻ മാര്ടെ ഒക്കെ കണ്ണ് വെട്ടിച്ച്
തോടൂഴെന്നു വാഴക്കുളം തൊടാണ്ട് എർണാളം പോയതോര്മ്മയില്ലേ?
മ്മടെ "ഇന്ദ്ര നീലിമയോലും" പാട്ടൊക്കെ കേട്ട്?
അതോലെ ഇനീം പോണം
നിന്റെ മുടിയൊന്ന് അഴിച്ചിടോ?
എനിക്കൊന്നൊളിച്ചിരിക്കാൻ തോന്നണൂ
രണ്ടു കാര്യങ്ങളാ നിക്കെന്നും കൊത്യോള്ളത്
ഒന്ന് കീച്ച് കളിക്കുമ്പോ മൂന്നാസു കിട്ടണം
പിന്നെ..
നിനക്കറ്യാല്ലോ.. അതന്നെ
എത്രാന്നു വെച്ചിട്ടാ പ്പഴും പറയണേ
ഒരു നാണക്കാരി വന്നേക്കണ്
പച്ച റിബണ്‍
നെറ്റിയിലെ മുടി
വെല്യ നീലക്കമ്മൽ
നോക്ക്യാ ചൊമക്കണ,
വിയർത്ത മൂക്ക്
കടുക് വറുത്ത മീങ്കൂട്ടാൻ
അച്ചപ്പം
എട്ട മുട്ടയുടെ എണ്ണമണം
ശ്വാസം മുട്ടി മരിക്കാൻ തോന്നണ ഉമ്മകൾ
എല്ലാം മിസ്സ്‌ ആവണ്‍ണ്ട് ട്ടോ
നീ നിന്റെ ആകാശങ്ങളില്‍ പറക്കുക
നിന്റെ സ്വപ്നങ്ങള്ക്കൊക്കെ നിറം കൊടുക്ക്
നീ ചെന്നാൽ നിറം വെക്കാത്ത ന്താ ഇള്ളെ ഈ ലോകത്ത്
ഉമ്മ്യുമ്മ!!

മറന്നു പോയി ടീച്ചറെ


ഈ ടീച്ചർ മാരൊക്കെ ശരിക്കും
നമ്മളെ വല്ലതും പഠിപ്പിച്ചോ?

എത്ര കൊല്ലം ഇവരുടെയൊക്കെ ക്ലാസിൽ 
എന്തെങ്കിലും പഠിപ്പിക്കും
എന്തെങ്കിലും പഠിപ്പിക്കും
എന്ന് കൊതിച്ച്,
വർത്താനം പറയാണ്ട്,
ശ്രദ്ധിച്ച് ഇരുന്നു അല്ലെ? (ഊം ഉവ്വ!)
എന്തെങ്കിലും കൊണം ഒണ്ടായോ?
ഒന്നൂല്ല.
എല്ലാരും നമ്മളെ പറ്റിച്ചു.



രസതന്ത്രാത്രേ, രസതന്ത്രം!
ചില തന്മാത്രകളും,
പിന്നെ ഏതാണ്ട് പുല്ലും ചേർന്ന്
രാസപരിണാമം വന്ന്
പുതിയ പദാർത്ഥം
ഉണ്ടാവും എന്ന്
ടീച്ചർ പഠിപ്പിച്ചപ്പോ,
എനിക്കു നേരെ വന്ന
ആട്ടിതുപ്പലുകളിലെയും,
എന്റെ
കണ്ണുനീരിലെയും,
വിയർപ്പിലെയും,
തന്മാത്രകൾ ഏതാണെന്ന്
പഠിപ്പിക്കാൻ മറന്നു പോയല്ലോ ടീച്ചറെ.

ഭൂമിശാസ്ത്രത്തിനു
നാല്പത്തി ഒൻപത് മാർക്ക്‌
തന്നപ്പോഴും,
രണ്ടു രൂപാ തുട്ടിൽ നോക്കി,
ഇന്ത്യാ ഭൂപടം വരച്ച്
അതിന്റെ നെഞ്ചിൽ
കാരിക്കോട് നൈനാര് പള്ളീം,
തൊടുപുഴ പാലോം,
വെങ്ങല്ലൂർ ഷാപ്പും,
അടയാളപ്പെടുതിയപ്പോഴും
എന്റെ കണ്ണുനീര്‍ പുഴകളോ,
വീണുരുണ്ട കറുത്ത പാതകളോ,
കാലു കഴച്ചു നടന്നു കയറിയ കുന്നുകളോ
ഉച്ചവെയില്‍ തിന്നു പോയ നിഴലോ
അടയാളപ്പെടുത്താൻ പഠിപ്പിച്ചില്ലല്ലോ ടീച്ചറെ

റോബർട്ട്‌ ഫ്രോസ്റ്റിന്റെ
തൊലിഞ്ഞ മരക്കവിതേം
ഓ ഹെൻട്രിടെ
തലതിരിഞ്ഞ കഥേം
പഠിപ്പിച്ചപ്പോ
എന്റെ മലയാളം കൊണ്ട്
ഇംഗ്ലീഷ് പറയാൻ പറ്റൂലാന്നും
മലയാളം മീഡിയത്തിൽ
പഠിച്ചവനെ
ഡി പോളീന്നു ടീ സീ
കൊടുത്തു വിട്ടവൻ പോലും
കളിയാക്കും എന്നും
പറഞ്ഞില്ലല്ലോ ടീച്ചറെ

ചെമ്പരത്തി പൂ
നെടുകെ പിളർന്ന്
അതിന്റെ
പൂവും പൂമ്പൊടിയും
അടയാളപ്പെടുത്താൻ
പഠിപ്പിച്ചപ്പോ
അതിന്റെ
നെഞ്ചു പൊളിയുന്ന
വേദന കേൾക്കാൻ മാത്രം
പഠിപ്പിച്ചില്ലല്ലോ ടീച്ചറെ

പെരുക്ക പട്ടികകളും
ഗണോം, ഉപഗണോം
ലസാഗൂം ഉസാഘേം
പഠിപ്പിച്ചപ്പോ
ജീവിതത്തിൽ
ആരോടും ഒന്നിനും
കണക്കു പറയാൻ മാത്രം
പഠിപ്പിച്ചില്ല ടീച്ചറെ

ഭൂഗുരുത്വ ആകർഷണവും
ഘർഷണവും
ഗതിയും, പ്രവേഗവും
പഠിപ്പിച്ചപ്പോൾ
വിശപ്പിന്റെ
ഗതിയും, പ്രവേഗവും
കണക്കാക്കേണ്ടി വരുമെന്ന്
പറഞ്ഞില്ല ടീച്ചറെ

ലോകത്തിലെ ഏറ്റവും
കഠിനമായത് വജ്രമാണെന്ന്
പഠിപ്പിച്ചപ്പോൾ
അതിലും കഠിനമുള്ള
ഹൃദയങ്ങളുണ്ടെന്നു
അറിഞ്ഞില്ല ടീച്ചറെ

ടീച്ചറിനറിയാമോ?
അവിടുന്ന് പോന്നു കഴിഞ്ഞ്
എത്ര പരീക്ഷകളാ
എഴുതിയതെന്നോ?
ഇത്രേം പരീക്ഷകൾ
ഇനീം ജീവിതത്തിലുണ്ട് എന്ന്
ഒന്ന് പറഞ്ഞില്ലല്ലോ ടീച്ചറേ

ടീച്ചറെ,
ഞാൻ ഒന്ന് കൂടി
ആ ക്ലാസ്സിലിരുന്നോട്ടെ?
ഇനി ഒരു കേട്ടെഴുത്ത്
പരീക്ഷയിടണം.
മൗനാക്ഷരങ്ങൾ നിറച്ച
ഒരു കടലാസുകീറ്
ഞാൻ ടീച്ചർക്ക് തരും
അതിൽ എന്നെ
വായിച്ചെടുക്കുക
മാർക്കിടാൻ മാത്രം
മറക്കരുത്

കാരണം,
ജയിക്കാൻ മാത്രം
പഠിപ്പിച്ചപ്പോൾ
തോല്ക്കാൻ
മറന്നു പോയി ടീച്ചറെ.

അന്നും ഇന്നും

അന്നും ഇന്നും എന്നും ഏറ്റവും ഇഷ്ടമുള്ള നടി ആരാണെന്ന് ചോദിച്ചാ ഒരുത്തരമേ ഉള്ളൂ. കാർത്തിക.
ആദ്യം കണ്ടത് താളവട്ടം എന്ന സിനിമ ആയിരിക്കണം. ശെരിക്കും കാർത്തികയെ കാണാൻ വേണ്ടി പടം കണ്ടു തുടങ്ങിയത് തൊണ്ണൂറുകളുടെ പകുതിയിലാണ്. കാഞ്ഞിരമറ്റം കവലയിൽ അന്ന് ഡെവിൾസ് വീഡിയോസ് എന്ന് പേരുള്ള വീഡിയോ കാസറ്റ് വാടകയ്ക്ക് കൊടുക്കുന്ന ഒരു കടയെ ഉള്ളൂ - എത്ര കാർത്തിക ചിത്രങ്ങൾ അവിടുന്ന് കണ്ടിരിക്കുന്നു. പലതവണ . തൊട്ടടുത്ത ചിത്രശാലയിൽ ഉച്ചപടവും, ലിറ്റിൽ കൃഷ്ണയിൽ പുതിയ മോർണിംഗ് ഷോ റിലീസും, ആരുടെയോ ഏതോ ഒരു കൂട്ടുകാരൻ എന്നോ കണ്ടെന്നും കരിമണ്ണൂരുള്ള അവന്റെ വീട്ടിലുള്ള ഒരു കാസറ്റിൽ ഉണ്ടെന്നും പറയപ്പെട്ടിരുന്ന ശ്രീദേവിയുടെയും, ഉണ്ണി മേരിയുടെയും ക്ലിപ്പുകളെ ക്കുറിച്ചും വികാരാധീനനായി സംസാരിച്ചിരുന്നെങ്കിലും കുത്തിയിരുന്ന് കണ്ടിരുന്നത്‌ കാർത്തിക പടങ്ങൾ ആയിരുന്നു.
കാർത്തിക അഭിനയിച്ച സിനിമകളിലെ രാഷ്ട്രീയം ഞാൻ ഇവിടെ പറയുന്നില്ല. ജീവിതത്തിനു മുൻപിൽ പകച്ചു നില്ക്കുന്ന പല പെണ്‍കഥാപാത്രങ്ങളും കാർത്തിക അനശ്വരമാക്കി. പക്ഷെ അതിനെക്കാളുമൊക്കെ എനിക്കിഷ്ടായത് അവളുടെ വെറും പെണ്‍ വേഷങ്ങൾ ആയിരുന്നു. റൊമാന്റിക് ആയ കാർത്തിക. അവളായിരുന്നു പെണ്ണ്. ഒരൊന്നൊന്നര പെണ്ണ്.
പല സിനിമകളിലും മുട്ട് വരെ ഇറക്കമുള്ള മിഡിയോ, ഫ്രോക്കോ ഇട്ട്, "മുട്ടോളം ചെരിച്ചേറ്റി പോകെ, നിൻ ചാരു മൃദുവാം കണങ്കാൽ കണ്ടു പാവം തോന്നാൻ" എന്ന മാതിരി നടന്നിരുന്നെങ്കിലും എനിക്കിഷ്ടം കാർത്തികയുടെ ഷിഫോണ്‍ സാരികളായിരുന്നു. കറുത്ത പച്ച നിറമുള്ള , ഇപ്പൊ നിന്നെ കുത്തി കൊല്ലും എന്ന് പറഞ്ഞപോലെ, പാറി നിന്ന ഷിഫോണ്‍ സാരി ഉടുത്ത് യൂക്കാലി മരങ്ങൾക്കിടയിൽ കൂടി അവൾ നടന്നു വന്നപ്പോൾ 'കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളി അല്ലെ' എന്ന് ചോദിച്ചു ഷാളും പറപ്പിച്ചു ഓടിയതും, കുത്തി മറിഞ്ഞതും മോഹൻലാലല്ല, ഞാനായിരുന്നു. ജനുവരി ഒരോർമ എന്ന പടത്തിലെ 'പൂക്കൈത പൂക്കുന്ന പാടങ്ങളിൽ' എന്ന പാട്ടിൽ വെള്ള നിറത്തിൽ ചോന്ന പുള്ളികളുള്ള ചുരിദാറുമിട്ടു വലിയ ചുമന്ന പൊട്ടുംതൊട്ടു മരത്തിനടിയിൽ നിന്ന സീൻ അന്നത്തെ കാലത്ത് വീണ്ടും കാണണമെങ്കിൽ ഇന്നത്തെപോലെ റിപ്ലേ എന്ന് ക്ലിക്കിയാൽ പോരായിരുന്നു. കാസറ്റ്- റീവൈന്റും, ഫാസ്റ്റ് ഫോർവർഡും പലതവണ അടിച്ചു കറക്റ്റ് പാട്ടുള്ള സ്ഥലം വരെ പണ്ടാരടങ്ങി വെയിറ്റ് ചെയ്യണമായിരുന്നു.
മറ്റു സിനിമകളിലെ നടികളിൽ നിന്നും വെത്യസ്തമായി അവൾ സൈക്കിളോ, കാറോ എന്ന് വേണ്ട ചിലപ്പോൾ കുതിരകളെ വരെ ഓടിച്ചു. നായകനോട് തർക്കിച്ചു, തല്ലുണ്ടാക്കി.
ഉണ്ണികളേ ഒരു കഥ പറയാം എന്ന സിൽമേല്, പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു ലോകം എന്ന പാട്ടിൽ, "മോഹങ്ങളുള്ളിൽ മൂടി വെച്ചെന്നും ഓമനിക്കാറില്ലേ" എന്ന വരികഴിഞ്ഞു കറുത്ത പാവാടേം പിങ്ക് ടോപ്പുമിട്ട കാർത്തികേടെ ഒരു ക്ലോസ് അപ്പ്‌ ഉണ്ട്. അങ്ങനെ അവളെ ഒന്ന് കാണണം. ന്റെ പൊന്നു സാറേ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂലാ .. (ആട്ടിൻ കുട്ടികളേം എടുത്തു അവളെ തൊട്ടു തലോടി ആ പാട്ടിൽ നടന്നത് ആരാണെന്ന് പ്രത്യേകം മെൻഷൻ ചെയ്യേണ്ടല്ലോ. ശോ എന്നെക്കൊണ്ടു ഞാൻ തോറ്റു )
കാർത്തികയെ ഇന്നോർക്കാൻ ഉണ്ടായ കാരണം ഒരു പഴയ കൂട്ടുകാരി എനിക്കിന്നയച്ചു തന്ന ഒരു യു ട്യൂബ് ലിങ്കാണ്. "ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു പൂവിന്റെ ജന്മം കൊതിച്ചു" എന്ന പാട്ട്. നീയെത്ര ധന്യ എന്ന ചിത്രത്തിലെ എപിക് സൊങ്ങ്. രാത്രി കുളിച്ചു കുട്ടപ്പനായി, കെട്ട്യോള് പിള്ളേരെ ഉറക്കാൻ കാത്തിരിക്കുന്ന സമയം മാത്രം ടി വി കണ്ടിരിക്കുന്ന ചേട്ടായിമാർക്കു പോലും ഇഷ്ടമുള്ള, ഈ പടത്തിലെ വേറൊരു പാട്ടുണ്ട്. "അരികിൽ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ, ഒരു മാത്ര വെറുതെ നിനച്ചു പോയി". ഈ പാട്ട് പാടാത്ത പുരുഷന്മാരുണ്ടോ? ഈ വരികളില്ലാത്ത പ്രേമലേഖനങ്ങളുണ്ടോ?
ഇന്നും കാർത്തിക അന്നത്തെ ശോഭയോടെ ഉള്ളിലുള്ളത് പിന്നീടൊരിക്കലും നമ്മൾ അവളെ കണ്ടില്ല എന്നത് കൊണ്ടാണ്. കാർത്തിക ഒരു തലമുറയുടെ മാത്രം സ്വന്തമായിരുന്നു. അവൾ ഒരു കാമുകി മാത്രമായിരുന്നു. അമ്മയായും അമ്മൂമ്മയായും അവളെ നമ്മൾ സിനിമയിലോ സീരിയലുകളിലോ കണ്ടില്ല. സത്യത്തിൽ, പിന്നീടൊരിക്കലും ഒരു പത്രതാളിലോ, ടി വി ചർച്ചയിലോ കണ്ടതായി പോലും ഓർക്കുന്നില്ല.
ഇന്നത്തെ ന്യൂ ജനറേഷന്‍ തലമുറയ്ക്ക് ഇരുപത് കൊല്ലം കഴിഞ്ഞു പറയാൻ ഇങ്ങനെ ഒരു മലരെങ്കിലും ഉണ്ടാകുമോ? - "പിതാശ്രീ അഭിമാനിയും തറവാടിയുമാണ് പക്ഷേ, കുടുംബം പുലരണമെങ്കില്‍ മാതാശ്രീ ചന്തയില്‍ മീന്‍കച്ചവടത്തിനു പോണം എന്നു പറഞ്ഞതുപോലെയാണ് ഇന്നത്തെ പടങ്ങൾ. ന്യൂ ജനറേഷന്‍ സിനിമകള്‍ പൂത്തുലയുകയാണന്നും, കുറെ ആളുകൾ മുങ്ങിച്ചാവാന്‍ തുടങ്ങിയ മലയാള സിനിമയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണെന്നും പ്രൊഡ്യസറുടെ നിക്കറ് കീറുന്നതെങ്ങനെ എന്നറിയാത്ത ചാനൽ പിള്ളേര് നിരൂപിച്ചുകൊണ്ടിരിക്കുമ്പോള്‍ ന്യൂ ജനറേഷന്‍ സിനിമ എന്ന വര്‍ത്തമാനകാലതട്ടിപ്പ് ഫ്ലോപ്പില്‍ നിന്നു ഫ്ലോപ്പിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്"- പടം കൊള്ളൂല്ലെങ്കിലും വേണ്ട, നല്ല ഒരു പെണ്ണിനെ പോലും കാണാനില്ല. അതും വേണ്ട, ഏതെങ്കിലും ഒരു നടിക്ക് നമ്മുടെ പഴയ ഏതെങ്കിലും ഒരു ഓർമ ഉണർത്താൻ സാധിക്കുമോ? അറിയില്ല, ചിലപ്പോ ഞാൻ അധികം സിനിമകൾ കാണാത്തോണ്ടായിരിക്കും.
മരിച്ചാലും മറക്കില്ല എന്ന് പറഞ്ഞ അവളുമാർക്കൊക്കെ ഞാൻ ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയുന്നുണ്ടാവില്ല. പക്ഷെ ഇന്നും കാർത്തികയുടെ സിനിമ കണ്ടാൽ ഞാൻ ചില അവളുമാരെ ഒക്കെ ഓർക്കും. ചില സിനിമ കണ്ടാൽ, പാട്ടുകൾ കേട്ടാൽ, അവരെക്കാളും കൂടുതലായി കാർത്തിക എന്റെ ഉള്ളിൽ നിറയും. സങ്കടപ്പെട്ടിരുന്നാൽ, നീ ഒറ്റക്കല്ല കൂടെയുണ്ടെന്ന് പറയും. തനിച്ചിരുന്നു കരയുമ്പോൾ മുറുക്കെ കെട്ടിപ്പിടിച്ചിട്ടു കൂടെയുണ്ടെന്ന് പറയും. ഒറ്റയ്ക്ക് മിണ്ടാതിരുന്നാൽ, തൊട്ടടുത്ത്‌ മിണ്ടാതിരുന്നു എന്നെ നോക്കും, ചിരിപ്പിക്കും. ചിരിച്ചാൽ അതിലും ഉറക്കെ ചിരിക്കും.
ഒരാഗ്രഹമേ നടക്കാതിരുന്നുള്ളൂ. നിന്നെ മോഹൻലാൽ കെട്ടിയാ മതിയാർന്നു.