Monday, November 14, 2016

മറന്നു പോയി ടീച്ചറെ


ഈ ടീച്ചർ മാരൊക്കെ ശരിക്കും
നമ്മളെ വല്ലതും പഠിപ്പിച്ചോ?

എത്ര കൊല്ലം ഇവരുടെയൊക്കെ ക്ലാസിൽ 
എന്തെങ്കിലും പഠിപ്പിക്കും
എന്തെങ്കിലും പഠിപ്പിക്കും
എന്ന് കൊതിച്ച്,
വർത്താനം പറയാണ്ട്,
ശ്രദ്ധിച്ച് ഇരുന്നു അല്ലെ? (ഊം ഉവ്വ!)
എന്തെങ്കിലും കൊണം ഒണ്ടായോ?
ഒന്നൂല്ല.
എല്ലാരും നമ്മളെ പറ്റിച്ചു.



രസതന്ത്രാത്രേ, രസതന്ത്രം!
ചില തന്മാത്രകളും,
പിന്നെ ഏതാണ്ട് പുല്ലും ചേർന്ന്
രാസപരിണാമം വന്ന്
പുതിയ പദാർത്ഥം
ഉണ്ടാവും എന്ന്
ടീച്ചർ പഠിപ്പിച്ചപ്പോ,
എനിക്കു നേരെ വന്ന
ആട്ടിതുപ്പലുകളിലെയും,
എന്റെ
കണ്ണുനീരിലെയും,
വിയർപ്പിലെയും,
തന്മാത്രകൾ ഏതാണെന്ന്
പഠിപ്പിക്കാൻ മറന്നു പോയല്ലോ ടീച്ചറെ.

ഭൂമിശാസ്ത്രത്തിനു
നാല്പത്തി ഒൻപത് മാർക്ക്‌
തന്നപ്പോഴും,
രണ്ടു രൂപാ തുട്ടിൽ നോക്കി,
ഇന്ത്യാ ഭൂപടം വരച്ച്
അതിന്റെ നെഞ്ചിൽ
കാരിക്കോട് നൈനാര് പള്ളീം,
തൊടുപുഴ പാലോം,
വെങ്ങല്ലൂർ ഷാപ്പും,
അടയാളപ്പെടുതിയപ്പോഴും
എന്റെ കണ്ണുനീര്‍ പുഴകളോ,
വീണുരുണ്ട കറുത്ത പാതകളോ,
കാലു കഴച്ചു നടന്നു കയറിയ കുന്നുകളോ
ഉച്ചവെയില്‍ തിന്നു പോയ നിഴലോ
അടയാളപ്പെടുത്താൻ പഠിപ്പിച്ചില്ലല്ലോ ടീച്ചറെ

റോബർട്ട്‌ ഫ്രോസ്റ്റിന്റെ
തൊലിഞ്ഞ മരക്കവിതേം
ഓ ഹെൻട്രിടെ
തലതിരിഞ്ഞ കഥേം
പഠിപ്പിച്ചപ്പോ
എന്റെ മലയാളം കൊണ്ട്
ഇംഗ്ലീഷ് പറയാൻ പറ്റൂലാന്നും
മലയാളം മീഡിയത്തിൽ
പഠിച്ചവനെ
ഡി പോളീന്നു ടീ സീ
കൊടുത്തു വിട്ടവൻ പോലും
കളിയാക്കും എന്നും
പറഞ്ഞില്ലല്ലോ ടീച്ചറെ

ചെമ്പരത്തി പൂ
നെടുകെ പിളർന്ന്
അതിന്റെ
പൂവും പൂമ്പൊടിയും
അടയാളപ്പെടുത്താൻ
പഠിപ്പിച്ചപ്പോ
അതിന്റെ
നെഞ്ചു പൊളിയുന്ന
വേദന കേൾക്കാൻ മാത്രം
പഠിപ്പിച്ചില്ലല്ലോ ടീച്ചറെ

പെരുക്ക പട്ടികകളും
ഗണോം, ഉപഗണോം
ലസാഗൂം ഉസാഘേം
പഠിപ്പിച്ചപ്പോ
ജീവിതത്തിൽ
ആരോടും ഒന്നിനും
കണക്കു പറയാൻ മാത്രം
പഠിപ്പിച്ചില്ല ടീച്ചറെ

ഭൂഗുരുത്വ ആകർഷണവും
ഘർഷണവും
ഗതിയും, പ്രവേഗവും
പഠിപ്പിച്ചപ്പോൾ
വിശപ്പിന്റെ
ഗതിയും, പ്രവേഗവും
കണക്കാക്കേണ്ടി വരുമെന്ന്
പറഞ്ഞില്ല ടീച്ചറെ

ലോകത്തിലെ ഏറ്റവും
കഠിനമായത് വജ്രമാണെന്ന്
പഠിപ്പിച്ചപ്പോൾ
അതിലും കഠിനമുള്ള
ഹൃദയങ്ങളുണ്ടെന്നു
അറിഞ്ഞില്ല ടീച്ചറെ

ടീച്ചറിനറിയാമോ?
അവിടുന്ന് പോന്നു കഴിഞ്ഞ്
എത്ര പരീക്ഷകളാ
എഴുതിയതെന്നോ?
ഇത്രേം പരീക്ഷകൾ
ഇനീം ജീവിതത്തിലുണ്ട് എന്ന്
ഒന്ന് പറഞ്ഞില്ലല്ലോ ടീച്ചറേ

ടീച്ചറെ,
ഞാൻ ഒന്ന് കൂടി
ആ ക്ലാസ്സിലിരുന്നോട്ടെ?
ഇനി ഒരു കേട്ടെഴുത്ത്
പരീക്ഷയിടണം.
മൗനാക്ഷരങ്ങൾ നിറച്ച
ഒരു കടലാസുകീറ്
ഞാൻ ടീച്ചർക്ക് തരും
അതിൽ എന്നെ
വായിച്ചെടുക്കുക
മാർക്കിടാൻ മാത്രം
മറക്കരുത്

കാരണം,
ജയിക്കാൻ മാത്രം
പഠിപ്പിച്ചപ്പോൾ
തോല്ക്കാൻ
മറന്നു പോയി ടീച്ചറെ.

No comments:

Post a Comment