Monday, November 14, 2016

അന്നും ഇന്നും

അന്നും ഇന്നും എന്നും ഏറ്റവും ഇഷ്ടമുള്ള നടി ആരാണെന്ന് ചോദിച്ചാ ഒരുത്തരമേ ഉള്ളൂ. കാർത്തിക.
ആദ്യം കണ്ടത് താളവട്ടം എന്ന സിനിമ ആയിരിക്കണം. ശെരിക്കും കാർത്തികയെ കാണാൻ വേണ്ടി പടം കണ്ടു തുടങ്ങിയത് തൊണ്ണൂറുകളുടെ പകുതിയിലാണ്. കാഞ്ഞിരമറ്റം കവലയിൽ അന്ന് ഡെവിൾസ് വീഡിയോസ് എന്ന് പേരുള്ള വീഡിയോ കാസറ്റ് വാടകയ്ക്ക് കൊടുക്കുന്ന ഒരു കടയെ ഉള്ളൂ - എത്ര കാർത്തിക ചിത്രങ്ങൾ അവിടുന്ന് കണ്ടിരിക്കുന്നു. പലതവണ . തൊട്ടടുത്ത ചിത്രശാലയിൽ ഉച്ചപടവും, ലിറ്റിൽ കൃഷ്ണയിൽ പുതിയ മോർണിംഗ് ഷോ റിലീസും, ആരുടെയോ ഏതോ ഒരു കൂട്ടുകാരൻ എന്നോ കണ്ടെന്നും കരിമണ്ണൂരുള്ള അവന്റെ വീട്ടിലുള്ള ഒരു കാസറ്റിൽ ഉണ്ടെന്നും പറയപ്പെട്ടിരുന്ന ശ്രീദേവിയുടെയും, ഉണ്ണി മേരിയുടെയും ക്ലിപ്പുകളെ ക്കുറിച്ചും വികാരാധീനനായി സംസാരിച്ചിരുന്നെങ്കിലും കുത്തിയിരുന്ന് കണ്ടിരുന്നത്‌ കാർത്തിക പടങ്ങൾ ആയിരുന്നു.
കാർത്തിക അഭിനയിച്ച സിനിമകളിലെ രാഷ്ട്രീയം ഞാൻ ഇവിടെ പറയുന്നില്ല. ജീവിതത്തിനു മുൻപിൽ പകച്ചു നില്ക്കുന്ന പല പെണ്‍കഥാപാത്രങ്ങളും കാർത്തിക അനശ്വരമാക്കി. പക്ഷെ അതിനെക്കാളുമൊക്കെ എനിക്കിഷ്ടായത് അവളുടെ വെറും പെണ്‍ വേഷങ്ങൾ ആയിരുന്നു. റൊമാന്റിക് ആയ കാർത്തിക. അവളായിരുന്നു പെണ്ണ്. ഒരൊന്നൊന്നര പെണ്ണ്.
പല സിനിമകളിലും മുട്ട് വരെ ഇറക്കമുള്ള മിഡിയോ, ഫ്രോക്കോ ഇട്ട്, "മുട്ടോളം ചെരിച്ചേറ്റി പോകെ, നിൻ ചാരു മൃദുവാം കണങ്കാൽ കണ്ടു പാവം തോന്നാൻ" എന്ന മാതിരി നടന്നിരുന്നെങ്കിലും എനിക്കിഷ്ടം കാർത്തികയുടെ ഷിഫോണ്‍ സാരികളായിരുന്നു. കറുത്ത പച്ച നിറമുള്ള , ഇപ്പൊ നിന്നെ കുത്തി കൊല്ലും എന്ന് പറഞ്ഞപോലെ, പാറി നിന്ന ഷിഫോണ്‍ സാരി ഉടുത്ത് യൂക്കാലി മരങ്ങൾക്കിടയിൽ കൂടി അവൾ നടന്നു വന്നപ്പോൾ 'കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളി അല്ലെ' എന്ന് ചോദിച്ചു ഷാളും പറപ്പിച്ചു ഓടിയതും, കുത്തി മറിഞ്ഞതും മോഹൻലാലല്ല, ഞാനായിരുന്നു. ജനുവരി ഒരോർമ എന്ന പടത്തിലെ 'പൂക്കൈത പൂക്കുന്ന പാടങ്ങളിൽ' എന്ന പാട്ടിൽ വെള്ള നിറത്തിൽ ചോന്ന പുള്ളികളുള്ള ചുരിദാറുമിട്ടു വലിയ ചുമന്ന പൊട്ടുംതൊട്ടു മരത്തിനടിയിൽ നിന്ന സീൻ അന്നത്തെ കാലത്ത് വീണ്ടും കാണണമെങ്കിൽ ഇന്നത്തെപോലെ റിപ്ലേ എന്ന് ക്ലിക്കിയാൽ പോരായിരുന്നു. കാസറ്റ്- റീവൈന്റും, ഫാസ്റ്റ് ഫോർവർഡും പലതവണ അടിച്ചു കറക്റ്റ് പാട്ടുള്ള സ്ഥലം വരെ പണ്ടാരടങ്ങി വെയിറ്റ് ചെയ്യണമായിരുന്നു.
മറ്റു സിനിമകളിലെ നടികളിൽ നിന്നും വെത്യസ്തമായി അവൾ സൈക്കിളോ, കാറോ എന്ന് വേണ്ട ചിലപ്പോൾ കുതിരകളെ വരെ ഓടിച്ചു. നായകനോട് തർക്കിച്ചു, തല്ലുണ്ടാക്കി.
ഉണ്ണികളേ ഒരു കഥ പറയാം എന്ന സിൽമേല്, പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു ലോകം എന്ന പാട്ടിൽ, "മോഹങ്ങളുള്ളിൽ മൂടി വെച്ചെന്നും ഓമനിക്കാറില്ലേ" എന്ന വരികഴിഞ്ഞു കറുത്ത പാവാടേം പിങ്ക് ടോപ്പുമിട്ട കാർത്തികേടെ ഒരു ക്ലോസ് അപ്പ്‌ ഉണ്ട്. അങ്ങനെ അവളെ ഒന്ന് കാണണം. ന്റെ പൊന്നു സാറേ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂലാ .. (ആട്ടിൻ കുട്ടികളേം എടുത്തു അവളെ തൊട്ടു തലോടി ആ പാട്ടിൽ നടന്നത് ആരാണെന്ന് പ്രത്യേകം മെൻഷൻ ചെയ്യേണ്ടല്ലോ. ശോ എന്നെക്കൊണ്ടു ഞാൻ തോറ്റു )
കാർത്തികയെ ഇന്നോർക്കാൻ ഉണ്ടായ കാരണം ഒരു പഴയ കൂട്ടുകാരി എനിക്കിന്നയച്ചു തന്ന ഒരു യു ട്യൂബ് ലിങ്കാണ്. "ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു പൂവിന്റെ ജന്മം കൊതിച്ചു" എന്ന പാട്ട്. നീയെത്ര ധന്യ എന്ന ചിത്രത്തിലെ എപിക് സൊങ്ങ്. രാത്രി കുളിച്ചു കുട്ടപ്പനായി, കെട്ട്യോള് പിള്ളേരെ ഉറക്കാൻ കാത്തിരിക്കുന്ന സമയം മാത്രം ടി വി കണ്ടിരിക്കുന്ന ചേട്ടായിമാർക്കു പോലും ഇഷ്ടമുള്ള, ഈ പടത്തിലെ വേറൊരു പാട്ടുണ്ട്. "അരികിൽ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ, ഒരു മാത്ര വെറുതെ നിനച്ചു പോയി". ഈ പാട്ട് പാടാത്ത പുരുഷന്മാരുണ്ടോ? ഈ വരികളില്ലാത്ത പ്രേമലേഖനങ്ങളുണ്ടോ?
ഇന്നും കാർത്തിക അന്നത്തെ ശോഭയോടെ ഉള്ളിലുള്ളത് പിന്നീടൊരിക്കലും നമ്മൾ അവളെ കണ്ടില്ല എന്നത് കൊണ്ടാണ്. കാർത്തിക ഒരു തലമുറയുടെ മാത്രം സ്വന്തമായിരുന്നു. അവൾ ഒരു കാമുകി മാത്രമായിരുന്നു. അമ്മയായും അമ്മൂമ്മയായും അവളെ നമ്മൾ സിനിമയിലോ സീരിയലുകളിലോ കണ്ടില്ല. സത്യത്തിൽ, പിന്നീടൊരിക്കലും ഒരു പത്രതാളിലോ, ടി വി ചർച്ചയിലോ കണ്ടതായി പോലും ഓർക്കുന്നില്ല.
ഇന്നത്തെ ന്യൂ ജനറേഷന്‍ തലമുറയ്ക്ക് ഇരുപത് കൊല്ലം കഴിഞ്ഞു പറയാൻ ഇങ്ങനെ ഒരു മലരെങ്കിലും ഉണ്ടാകുമോ? - "പിതാശ്രീ അഭിമാനിയും തറവാടിയുമാണ് പക്ഷേ, കുടുംബം പുലരണമെങ്കില്‍ മാതാശ്രീ ചന്തയില്‍ മീന്‍കച്ചവടത്തിനു പോണം എന്നു പറഞ്ഞതുപോലെയാണ് ഇന്നത്തെ പടങ്ങൾ. ന്യൂ ജനറേഷന്‍ സിനിമകള്‍ പൂത്തുലയുകയാണന്നും, കുറെ ആളുകൾ മുങ്ങിച്ചാവാന്‍ തുടങ്ങിയ മലയാള സിനിമയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണെന്നും പ്രൊഡ്യസറുടെ നിക്കറ് കീറുന്നതെങ്ങനെ എന്നറിയാത്ത ചാനൽ പിള്ളേര് നിരൂപിച്ചുകൊണ്ടിരിക്കുമ്പോള്‍ ന്യൂ ജനറേഷന്‍ സിനിമ എന്ന വര്‍ത്തമാനകാലതട്ടിപ്പ് ഫ്ലോപ്പില്‍ നിന്നു ഫ്ലോപ്പിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്"- പടം കൊള്ളൂല്ലെങ്കിലും വേണ്ട, നല്ല ഒരു പെണ്ണിനെ പോലും കാണാനില്ല. അതും വേണ്ട, ഏതെങ്കിലും ഒരു നടിക്ക് നമ്മുടെ പഴയ ഏതെങ്കിലും ഒരു ഓർമ ഉണർത്താൻ സാധിക്കുമോ? അറിയില്ല, ചിലപ്പോ ഞാൻ അധികം സിനിമകൾ കാണാത്തോണ്ടായിരിക്കും.
മരിച്ചാലും മറക്കില്ല എന്ന് പറഞ്ഞ അവളുമാർക്കൊക്കെ ഞാൻ ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയുന്നുണ്ടാവില്ല. പക്ഷെ ഇന്നും കാർത്തികയുടെ സിനിമ കണ്ടാൽ ഞാൻ ചില അവളുമാരെ ഒക്കെ ഓർക്കും. ചില സിനിമ കണ്ടാൽ, പാട്ടുകൾ കേട്ടാൽ, അവരെക്കാളും കൂടുതലായി കാർത്തിക എന്റെ ഉള്ളിൽ നിറയും. സങ്കടപ്പെട്ടിരുന്നാൽ, നീ ഒറ്റക്കല്ല കൂടെയുണ്ടെന്ന് പറയും. തനിച്ചിരുന്നു കരയുമ്പോൾ മുറുക്കെ കെട്ടിപ്പിടിച്ചിട്ടു കൂടെയുണ്ടെന്ന് പറയും. ഒറ്റയ്ക്ക് മിണ്ടാതിരുന്നാൽ, തൊട്ടടുത്ത്‌ മിണ്ടാതിരുന്നു എന്നെ നോക്കും, ചിരിപ്പിക്കും. ചിരിച്ചാൽ അതിലും ഉറക്കെ ചിരിക്കും.
ഒരാഗ്രഹമേ നടക്കാതിരുന്നുള്ളൂ. നിന്നെ മോഹൻലാൽ കെട്ടിയാ മതിയാർന്നു.

No comments:

Post a Comment