Friday, June 23, 2017

ചോരമണം

പ്രണയമെന്നത്
ഒരു വിശ്വാസ സമർപ്പണമാണ്.
തന്റെ മനസ്സിനെ നഗ്നമാക്കി മറ്റൊരാൾക്ക് സ്വന്തമായി കൊടുക്കലാണ്.
അതിൽ പണ്ട് പണ്ട് ആരെങ്കിലുമൊക്കെ
ചവിട്ടിമെതിച്ചു പോയ 
 ചെളിപ്പാടുകൾ കാണും
പ്രിയപ്പെട്ടവർ സമ്മാനിച്ച
ചോരമണം മാറാത്ത മുറിവുകൾ കാണും
ചതിയിൽ വഴുക്കി
തലയടിച്ചു വീണതിന്റെ ആഘാതങ്ങൾ കാണും
അപൂർവ്വം ചിലർ സമ്മാനിച്ച
സൗഹൃദത്തിന്റെ മഞ്ഞമുക്കുറ്റികളും
കണ്ടേക്കാം ചിലപ്പോൾ
അതൊക്കെ അതേപടി തന്നെ
വച്ചു കൊണ്ട് ഇതായിരുന്നു ഞാൻ
എന്ന് പറയാതെ പറയലാണ്.
നിനക്കു വേണമെങ്കിൽ
" ഈ നശിച്ച ചെളിയും അഴുക്കും" എന്ന് നാഴികയ്ക്ക് നാല്പതു വട്ടം പ്രാകിക്കൊണ്ട്
ശിഷ്ടകാലം മുഴുവൻ അത് കഴുകി വെളുപ്പിച്ചു കൊണ്ടേയിരിക്കാം
ഒരിക്കലും വെളുക്കില്ലെങ്കിലും
അത് കീറിപ്പറിഞ്ഞു പോകുമെങ്കിലും.
അല്ലെങ്കിൽ
ആ ചെളിയിൽ നിറയെ
പൂമരങ്ങളുടെ തൈകൾ നടാം
കാലം പോകെപ്പോകെ
അതെന്തായി മാറുമെന്ന്
നീ തന്നെ കണ്ടറിയുക.
എവിടെ നിന്നൊക്കെയാണ് അവിടേക്ക്
നന്മയുടെ പുതിയ അതിഥികൾ വന്നെത്തുക
എന്നത് നമ്മെ അതിശയിപ്പിക്കും.
ചെളിയായിരുന്നിടം തപോവനം പോലെ നിർമ്മലമായിരിക്കുന്നതും
നമുക്കായി പൂമെത്തകളൊരുങ്ങിയിരിക്കുന്നതും കാണൂ
ഇണ ചേരലുകളിൽ നിന്ന് പങ്കുവയ്ക്കലുകളിലേയ്ക്ക് നമ്മൾ വളർന്നു എന്നതിന്റെ അടയാളം !
(അവിടെ ശരീരങ്ങൾക്ക്
കൊഴിഞ്ഞു വീണ ഇലകളുടെ പ്രസക്തി പോലുമില്ലാതാകുന്നു)
പാപപുണ്യങ്ങൾക്കു തമ്മിൽ ഭേദമില്ലെന്നും
എല്ലാ ദുഃഖങ്ങളും
നമ്മെ സന്തോഷിപ്പിക്കുന്നതാണെന്നും
നാം തിരിച്ചറിയുമപ്പോൾ.
തമ്മിൽ പ്രണയത്തിലാണെന്നു പോലും നാം മറന്നു പോകും.

No comments:

Post a Comment