Monday, November 14, 2016

രണ്ടു ജന്മങ്ങൾ നീണ്ടു നിൽക്കുന്ന ഒരു സ്വപ്നം


എനിക്കറിയാം.
പെണ്ണേ, 
അവിടെ നീയുറങ്ങുകയാണ്.
എങ്കിലും
ഞാനുറങ്ങുമ്പോഴേക്കും,
നീയുണരുമെന്നുമെനിക്കറിയാം


ശ്രദ്ധിച്ചു വായിക്കണം.
ഇത് വായിച്ചു കഴിയുമ്പോ
നീ ചിരിക്കണം കേട്ടോ.

നിനക്കറിയുമോ,
ഒരിക്കൽ മാത്രം സ്വപ്നത്തിൽ
വന്നു പോയൊരാളെ,
വീണ്ടുമൊന്നു കാണാൻ മാത്രം
ജീവിതകാലം മുഴുവനുറങ്ങുന്ന
പ്രണയങ്ങളുണ്ട്.

നിന്നെ കാണാൻ ഒരു
ജീവിതകാലം ഉറങ്ങിയാൽ
മതിയാവില്ല
എന്റെ പ്രണയത്തിന് അല്ലെ?

രണ്ടു ജന്മമെന്ന്
ഞാൻ എന്നെത്തന്നെ
പഠിപ്പിച്ചു കഴിഞ്ഞു.

പ്രണയം എന്നൊന്നില്ല എന്ന്,
ഘോരഘോരം പ്രസംഗിച്ച
ഒരാളാണ് ഇതെഴുതുന്നത്
എന്ന് പറഞ്ഞു ഇവർ
ചിരിക്കുന്നത് നീ കേൾക്കുന്നില്ലേ?

ചൂടേറിയ ഈ പ്രണയത്തെ,
ചാഞ്ഞും ചരിഞ്ഞും
തോരാത്തൊരു മഴയായ്
അഴിച്ചെടുക്കുന്നല്ലോ നീ.

ദരിദ്രമായ ആത്മാവിന്
അവൽ നനച്ച്
മടുത്തുപോയിരുന്നു പെണ്ണെ.
അലിവാലൊന്ന്
തൊടാനാരെങ്കിലുമൊരാൾ
മതിയായിരുന്നെന്നിപ്പോൾ
തിരിച്ചറിഞ്ഞു.

നിനക്കറിയോ
നമ്മളിൽ ഞാനാണ്
അവസാനമുറങ്ങുന്നത്.
നീ ഉറങ്ങിക്കഴിയുമ്പോൾ
രാത്രിയിവിടെ
ഒരു പൂച്ചയെപ്പോലെ
എന്നും പതുങ്ങി,
പതുക്കെ വരും.

ഒരേ ദിവസത്തിന്റെ
രണ്ടുരാത്രികൾ
നേരത്തോടുനേരം
പരസ്പ്പരം തൊട്ടു നോക്കുന്നു.
പലനേരങ്ങളിലും
മൗനം പൊള്ളും,
ഇടനേരങ്ങളിൽ
പൂക്കാറുണ്ടെങ്കിലും.

ഈ രാത്രിയിൽ
ഇങ്ങനെയിങ്ങനെ,
ഒരു വിരൽതുമ്പിനപ്പുറം,
കടലോളം
കാഴ്ച്ചകളൊരുക്കുന്നതിനാലാണ്,
എനിക്കു നീ,
കാറ്റുപോലൊരു കൂട്ടാവുന്നത്,
കിനാവിന്റെ ചിറകാവുന്നത്.
എന്റെ നിലാവാവുന്നത്.

ഈ സ്വപ്നം
രണ്ടു ജന്മങ്ങൾ കൂടി
കൊണ്ടുനടക്കാൻ
എനിക്കിപ്പോ
മനസ്സില്ല.
ഇന്ന് മുതൽ
ഞാനും നീയും
ഒരുമിച്ചു സ്വപ്നം കാണും.
അതിനി എത്ര
ജന്മങ്ങൾ നീണ്ടാലും.

Monday, April 22, 2013

കച്ചവടം

അമ്മ,
പെങ്ങൾ,
മകൾ
എല്ലാരേം വിറ്റു തീർന്നു.
വാങ്ങിയവർ ചിറി തുടക്കുന്നു.

കുറഞ്ഞ ചിലവിൽ
കുറച്ചു കയറു കിട്ടിയിട്ടുണ്ട്,
നല്ല വിലക്ക് വിൽക്കണം.
"കാള പെറ്റു" എന്ന് 
വിളിച്ചു പറയാൻ
കുറച്ചാളുകളെ 
കിട്ടുമോ?


രണ്ടു മുഴം
മാറ്റി വെച്ചേക്കു,
ആവശ്യം വരും.

Tuesday, April 16, 2013

അകലം


ക്ഷമിക്കണം,
നമുക്കിടയിലുള്ള നിശബ്ദതയിൽ
തട്ടി വീണതുകൊണ്ട് മാത്രമാണ്
എന്റെ കരച്ചിൽ ശബ്ദം നീ കേട്ടത്

നീയ്,
നനച്ചാൽ വേഗം വളരും എന്ന്
കരുതിയതെല്ലാം,
ചുടുതീ കാത്തിരുന്ന
കനലുകൾ ആയിരുന്നു.

തളർന്നുറങ്ങി എഴുന്നേൽക്കുമ്പോൾ
ഒട്ടിപ്പിടിക്കാത്ത വിയർപ്പു പശിമ
എപ്പോഴും ഒട്ടിപ്പിടിച്ചിരുന്ന
കണ്ണുനീരിന്റെ കറകൾ
ദ്രാവകങ്ങൾക്ക് രൂപമില്ലത്രെ
നുണച്ചി! 

എന്റെ ഒരു കണ്ണ് നിനക്കു തരാം
ഒന്ന് എനിക്കിരിക്കട്ടെ.
കിണഞ്ഞു പരിശ്രമിച്ചാൽ
കണ്ണുനീർ ചാലുകൾ എങ്കിലും
കൂട്ടിമുട്ടിക്കാനായാലോ!

Saturday, January 12, 2013

പൊളിച്ചു പണിയാറായ ചില മേല്‍ക്കൂരകള്‍..

ചില മേല്‍ക്കൂരകള്‍ അങ്ങനെയാണ്,
ഉള്ളിലേക്ക് ചൂട് മാത്രം പ്രവഹിപ്പിക്കുന്നു.
ദാഹിക്കുമ്പോള്‍ വെള്ളം തരാതെ,
ആലിപ്പഴങ്ങള്‍ ഉള്ളിലൊതുക്കുന്നു.

തുറന്നിട്ട വാതിലുകള്‍ കാണിക്കാതെ,
ഉള്ളിലൊന്നുമില്ല എന്ന് പറയാതെ,
ഓടടുക്കുകള്‍ അടര്‍ത്തി മാറ്റി
ആളുകളെ,
മോഷണത്തിന് ക്ഷണിക്കുന്നു.

പല വേഷങ്ങള്‍, വര്‍ണ്ണങ്ങള്‍
പരന്നതും, പൊങ്ങിയതും
താങ്ങി നിര്‍ത്താന്‍, നാണംകെട്ട്
വളഞ്ഞ കഴുക്കോലുകളും.

പൊട്ടാന്‍ വെമ്പുന്ന,
കനം കൂടിയ മേല്‍ക്കൂരകള്‍...........
എല്ലാം കാണുന്നു, കേള്‍ക്കുന്നു,
പക്ഷേ, പൊളിഞ്ഞു വീഴുന്നില്ല

നാശം. മടുത്തു.

എത്ര തുളകളിട്ടാലാണ്
എല്ലാ നക്ഷത്രങ്ങളെയും കാണാനാവുക?
ഞാന്‍ ...
ഞാന്‍. .നിന്നെയൊന്നു പൊളിച്ചു പണിഞ്ഞോട്ടെ?

Tuesday, October 11, 2011

ദിത്വ സന്ധി


ചിലപ്പോള്‍ ആ ബന്ധം ദിത്വസന്ധി പോലെ മുഴച്ചിരുന്നു.
ചിലപ്പോള്‍ റെയില്‍പാളം പോലെ സമാന്തരമായി.
പലപ്പോളും കണ്ണുനീര്‍ ഊതി തെറിപ്പിച്ചു ചിരിച്ചു.
ഇന്നലെ രാത്രി ചന്ദ്രന്‍ കറുത്ത നിറവും,
ഒഴിഞ്ഞ വൃത്തവുമായിരുന്നു.
ഞാന്‍ കറുത്തതും ഒഴിഞ്ഞതുമെന്നു പറയുമ്പോള്‍
അവളിലെന്തു മാറ്റമാനുണ്ടായത്?
ബാലരമയിലെ മായാവിക്കും, പൂമ്പാറ്റയിലെ വിക്കിക്കും
ഇതുപോലത്തെ ബന്ധങ്ങള്‍ ഉണ്ടാകുമോ ആവോ?
ഒരു പുകയെടുത്തപ്പോള്‍ കവിത വന്നു, കാഴ്ചകളും.
പുക കഴിഞ്ഞപ്പോള്‍,
ഈറന്‍ നീല നിറമുള്ള ഒരു കുത്തും.
പൂര്‍ണ്ണ വിരാമം-
പിന്നെയും ദിത്വ സന്ധി.

Monday, October 10, 2011

ക്ലാസ്സിലെ കാഴ്ചകള്‍


ചോക്ലേറ്റ് നിറമുള്ള ഒരു
ചിത്രശലഭം ചുംബിച്ചിരിക്കുന്ന,
ലബനോന്‍ കാട്ടുതേന്‍ ഒഴുകിയിറങ്ങിയ
മുന്തിരിക്കുലകള്‍..
അല്ല, നിന്‍റെ മുടിക്കെട്ട്‌.

ചെവികളില്‍,
അരളിചെടികളില്‍ തട്ടിതെറിച്ച,
മഴത്തുള്ളികള്‍ പതിച്ച
വെള്ളി പാത്രം.

അലസമായി വാരിധരിച്ച
ചോപ്പ് ചേലയുമായി,
ഗുരുവായൂരിലെ
ചുറ്റമ്പലത്തില്‍ നിന്‍റെ
ഇനിയൊരു മുഖം.

നിന്‍റെ ശരീരത്തില്‍
പച്ച കുത്തിയിരിക്കുന്ന
മൃഗങ്ങളും, ഇഴജന്തുക്കളും
എന്നെ തിന്നാതിരിക്കുമെങ്കില്‍,
നിന്നെ, ഞാനെന്‍റെ
അനിയത്തിക്കുട്ടിയാക്കാം.

എന്‍റെ മരണശേഷം
വിചാരണയും,
വില്പത്രവുമില്ലാതെ,
വേദനയും വെപ്രാളവുമില്ലാതെ,
നീയും മരിച്ചോളൂ..

Saturday, September 3, 2011

ഓ .. ഒരു മാര്‍ച്ച്‌.. നാശം

എന്‍റെ ജീവിതത്തിന്‍റെ
കലണ്ടര്‍ താളില്‍ നിന്ന്
നീ പോവുകയാണല്ലേ?
ഒരു യാത്ര പോലും പറയാതെ.
കൊഴിഞ്ഞ ഇലകളാല്‍
ശൂന്യമായ വൃക്ഷത്തലപ്പുകള്‍ 
മാത്രം എനിക്ക് സമ്മാനിച്ച്,
വിരഹത്തിന്‍റെ തൂവലുകള്‍ 
നീ നെയ്യുകയായിരുന്നു.
ശരിയല്ലേ?

ദിനങ്ങളും ആഴ്ചകളും കൊണ്ട്
പള്ള വീര്‍പ്പിച്ചിരിക്കുന്ന
നിന്നെ
എനിക്ക് വെറുപ്പാണ്.
മനുഷ്യര്‍ക്ക്‌ നല്‍കാന്‍
വേദനകള്‍ മാത്രം ശേഖരിച്ച
നീയില്ലായിരുന്നെങ്കില്‍
മാസങ്ങളുടെ ക്രമസംഖ്യ
ഒറ്റസംഖ്യയായേനെ.
അതാണ്‌ എനിക്കിഷ്ടവും. 

നിന്നില്‍
നിറഞ്ഞിരിക്കുന്നത്‌
എന്‍റെ കൈപ്പത്തിയിലെപ്പോലെ,
ശൂന്യതകള്‍ മാത്രമാണ്.

നിന്നിലെ ചൂടേറ്റു വിങ്ങുന്ന,
മഴക്കാടുകള്‍ പോലും
നിന്നെ ശപിക്കുവാന്‍
ആഗ്രഹിച്ചു.
നിന്‍റെ ഇടമുറിയാതുള്ള
ദിനപ്രവാഹത്തില്‍, നീ
തളരുന്നില്ലേ?
നീയാല്‍ 
ത്രാണികള്‍ നഷ്ടപെട്ട
ഇടനാഴികകളില്‍
കേള്‍ക്കാം, ഒരു
വൃത്തികെട്ട വൃദ്ധ ജല്പനം. 
നുറുങ്ങിയ കനവുകള്‍,
ഒട്ടിയ വയറുകള്‍,
ദാരിദ്ര്യത്തിന്‍റെ നീണ്ടനിര;
എന്തിനാണ് നീ?

പ്രതിജ്ഞാബദ്ധത 
വാക്കുകളല്ല, പ്രവൃത്തിയാണ്‌.
നിന്‍റെ മാസാരംഭം
എന്‍റെ ദുഖാരംഭമാണ്.
എന്‍റെ വാക്കുകളിലെ ആത്മാര്‍ഥത 
കൊണ്ട് 
ഞാന്‍ ചോദിക്കുകയാണ്,
നിനക്ക് ആത്മഹത്യ..
അതെ..
അത് ചെയ്തുകൂടെ? 

എന്‍റെ 
കര്‍ണപുടങ്ങളില്‍ 
അലയടിക്കുന്നു,
നിന്‍റെ സ്വരം.
എങ്കില്‍
എന്തുകൊണ്ട്, എനിക്ക്
അത് ചെയ്തുകൂടാ
അല്ലെ? 
നീയൊരു സ്വാര്‍ഥന്‍ ആണ്
അല്ലെ?


എന്തായാലും ഇന്ന് നിന്‍റെ
അവസാന ദിവസമാണ്.
ഏതോ കടലാഴത്തില്‍ 
നീ മുങ്ങുകയാണ്,
ആരോടും യാത്ര പറയാതെ.
ഈശ്വരന് നന്ദി.
ആഴിയുടെ ആഴങ്ങളില്‍
നീ തനിയെ.
നിന്‍റെ,
നിറമുള്ള സ്വപ്‌നങ്ങള്‍ 
തയ്യാറെടുക്കുകയാണ്,
ഒരു മുങ്ങി മരണത്തിന്.
തെറ്റിന് കിട്ടുന്ന ശമ്പളം
മരണം.


നിന്‍റെ ചെയ്തികളില്‍
നന്മയുണ്ടായിരുന്നോ?
ഇരുള്‍ കട്ട പിടിച്ചു കിടക്കുന്ന
കടലാഴങ്ങള്‍.
നിന്‍റെ സ്വപ്‌നങ്ങള്‍
അന്വര്‍ത്ഥം ആകട്ടെ.


എന്‍റെ ഹൃദയത്തിലെ
മുള്ളുകള്‍, അതിലൊന്ന്
സമുദ്രാങ്കനങ്ങള്‍
പേറിയ ദിനത്തിന്‍റെ
ആത്മ സന്തോഷം,
അവാച്യ നിര്‍വൃതി.
കടിഞ്ഞൂല്‍ ദിനങ്ങളുടെ
നൊമ്പരങ്ങള്‍
ചിന്നിച്ചിതറി, അപ്പോള്‍
അഭൗമ ലാവണ്യം.
മഴക്കാടുകളുടെയും
അരളിക്കൂട്ടങ്ങളുടെയും
പച്ചപ്പിന്‍റെ
താരുണ്യം.
നിന്‍റെ വിരാമം
മൂലമുള്ള
ആനന്ദ ബാഷ്പങ്ങള്‍.


എങ്കിലും നിന്‍റെ
ഇരുള്‍ക്കൂടാരങ്ങളിലെവിടെയോ കാലിടറിയ
വൃദ്ധന്‍റെ വിലാപകാവ്യം
എന്‍റെ കാതുകളില്‍ മുഴങ്ങുന്നു. 
ഒരു മാര്‍ച്ച്‌... നാശം. 


31.മാര്‍ച്ച്‌.2000